കുറുവാ സംഘം ഭീതിയുണര്‍ത്തിയതിന് പിന്നാലെ തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷണ സംഘമായ ഇറാനി സംഘവും കേരളത്തിലേക്ക്. രണ്ടും നാലും അംഗങ്ങളുള്ള സംഘങ്ങളായി പകല്‍ സമയത്തുപോലും മറ്റുള്ളവരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
കുറുവാ സംഘത്തെപ്പോലെ ക്രൂരമായ ആക്രമണ രീതികള്‍ പുറത്തെടുക്കാതെ ഒതുക്കത്തില്‍ മോഷണം നടത്തുന്ന സംഘം മോഷണം കഴിഞ്ഞാലുടനെ തമിഴ്നാട്ടിലേയ്ക്ക് വണ്ടികയറും. മുന്‍പ് കോട്ടയത്തും രാജാക്കാട്ടും ജൂവലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയത് ഇറാനി സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് മോഷം നടത്തുന്നതിനിടെ സംഘത്തിലെ രണ്ടുപേര്‍ നെടുങ്കണ്ടത്ത് അറസ്റ്റിലായിരുന്നു. മധുര പെരായിയൂര്‍ സ്വദേശികളായ ഹൈദര്‍ (34), സഹോദരന്‍ മുബാറക്ക് (19) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തത്. നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലെ ജൂവലറിയില്‍ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് ഹൈദറും മുബാറക്കുമെത്തിയത്.
ആഭരണങ്ങള്‍ കാണുന്നതിനിടെ ഹൈദര്‍, സ്വര്‍ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കി.ഇത് ശ്രദ്ധിച്ച കടയുടമ ഇയാളെ പിടികൂടി. കൂടെയുണ്ടായിരുന്ന മുബാറക്ക് കടയില്‍നിന്നിറങ്ങി ഓടി. ബസില്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ, ശാന്തന്‍പാറ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലും മോഷണക്കേസുകളുണ്ട്.
Discussion about this post