തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയതോടെ, പുനരധിവാസത്തിന് ടൗൺഷിപ്പുകൾ നിർമ്മിക്കുന്നതിന് സർക്കാരിനുള്ള തടസം നീങ്ങി.
നാളെ മുതൽ ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്നാണ് ഹൈക്കോടതി ഉത്തരവ്. 2221 കോടിയുടെ പുനർനിർമ്മാണ ചെലവിന്റെ കണക്ക് കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. ഇതിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല.കേന്ദ്രസഹായം അനുവദിക്കുന്നതു വരെ കാത്തുനിൽക്കാതെ പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം.
സ്കൂൾ, അംഗൻവാടി, കളിക്കളം, ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ അടക്കമുള്ള നഗരസദൃശ്യമായ ടൗൺഷിപ്പാവും നിർമ്മിക്കുക. ഊരാളുങ്കലിന് നിർമ്മാണചുമതല കൈമാറുന്നതാണ് പരിഗണനയിൽ.
വയനാട് ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിന് വീടും നിർമ്മാണസാമഗ്രികളുമടക്കം വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ മുഖ്യമന്ത്രി വിളിക്കും.സംസ്ഥാന സർക്കാരുകളുടെയും സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും പ്രതിനിധികളുടെ യോഗം രണ്ടു ഘട്ടമായി ചേരും. പരമാവധി സഹായം സ്വരൂപിക്കാനാണ് സർക്കാരിന്റെ ശ്രമം. ഒരു വീട് വാഗ്ദാനം ചെയ്തവരുമായിപ്പോലും ചർച്ച നടത്തും.
ടൗൺഷിപ്പുകൾ നിർമ്മിക്കാൻ കണ്ടെത്തിയ 2 എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള കേസിൽ ഉത്തരവുണ്ടായാൽ കേന്ദ്രസഹായത്തിന് കാത്തുനിൽക്കാതെ ഒരു മണിക്കൂറിനകം പുനരധിവാസത്തിന് നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ നേരത്തേ പറഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായതോടെ ഇനി പന്ത് സർക്കാരിന്റെ കോർട്ടിലാണ്. \
പുനരധിവാസം സംബന്ധിച്ച് ഒരുവിധ വൈകലും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാവില്ല. നിരവധി നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുമ്പോഴേക്കും കാലതാമസം വരുമെന്നതിനാലാണ് ദുരന്ത നിവാരണ നിയമം കൂടി ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കിയത്.
Discussion about this post