ഡൽഹി: കിഴക്കൻ യുക്രേനിയൻ നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 19 പോലീസ് ഉദ്യോഗസ്ഥരും അഞ്ച് രക്ഷാപ്രവർത്തകരും ഒരു കുട്ടിയുമുണ്ടെന്ന് യുക്രെയ്ൻ ആഭ്യന്തര മന്ത്രി ഇഗോർ ക്ലിമെൻകോ വ്യക്തമാക്കി .കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ അധിനിവേശ പ്രദേശമായ ഡൊനെറ്റ്സ്ക് നഗരത്തിന് വടക്കുപടിഞ്ഞാറായി 70 കിലോമീറ്റർ അകലെയുള്ള പോക്രോവ്സ്‌കിൽ ആണ് മിസൈൽ ആക്രമണം ഉണ്ടായത്.
മിസൈൽ ആക്രമണത്തിൽ ഹോട്ടൽ കെട്ടിടങ്ങൾ , കാറ്ററിംഗ് സ്ഥാപനങ്ങൾ, കടകൾ, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി ഡൊണെറ്റ്സ്ക് മേഖലയുടെ ഗവർണർ പാവ്ലോ കിറിലെങ്കോ പറഞ്ഞു.
ആവർത്തിച്ചുള്ള റഷ്യൻ അക്രമണങ്ങളെക്കുറിച്ച്, പൗരന്മാർക്ക് യുക്രൈൻ മുന്നറിയിപ്പ് നൽകുകയും സുരക്ഷിത താവളങ്ങളിലേക്ക് മാറാനും നിർദേശം നൽകുന്നുണ്ട്. നേരത്തെ നടത്തിയ രണ്ട് മിസൈൽ ആക്രമണങ്ങളിൽ ,റഷ്യ റെസിഡൻഷ്യൽ കെട്ടിടങ്ങൾ തകർത്ത വിവരം സെലെൻസ്കി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌വഴി പുറത്തുവിട്ടിരുന്നു.
രക്ഷാപ്രവർത്തകർ ആവശ്യമായ എല്ലാ സേവനങ്ങളുമായി സ്ഥലത്തുണ്ടെന്നും, രക്ഷാപ്രവർത്തനം തുടരുകയാണെന്നും സെലൻസ്കി അറിയിച്ചു.ഭയാനകമായ ഈ യുദ്ധം നാം അവസാനിപ്പിക്കണമെന്നും, യുദ്ധത്തിന്റെ എല്ലാ ഉത്തരവാദിത്വവും റഷ്യക്ക് ആണെന്നും സെലൻസ്കി വ്യക്തമാക്കി

