പച്ചക്കറികൾ കഴിക്കുന്നത് ശരീരത്തിന് പലവിധത്തിൽ ഗുണം ചെയ്യും. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് പച്ചക്കറി ഒഴിച്ചുകൂടാനാവാത്തതാണ്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ നമുക്ക് ആരോഗ്യവും ഒപ്പം സൗന്ദര്യവും വീണ്ടെടുക്കാം. വിറ്റാമിനുകളും ധാതുക്കളും മറ്റുപോഷകഗുണങ്ങളും കൊണ്ട് സമ്പുഷ്ടമായ പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിൻ സിയുടെ കലവറയായ ബ്രൊക്കോളി കഴിക്കുന്നത് ചർമ്മത്തിലെ ചുളിവുകൾ തടയാനും കൊളാജിൻ ഉൽപാദനം വർധിപ്പിക്കാനും സഹായിക്കും. കൊളാജിൻ ഉത്പാദനം കൂടുമ്പോൾ ചർമ്മത്തിലെ ചുളിവുകൾ മാറുകയും ചർമ്മം ദൃഢമായിത്തീരുകയും ചെയ്യും. പ്രായം കൂടുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ മാറാനും ചർമ്മം തിളങ്ങാനും ഇതിലൂടെ സഹായിക്കുന്നു.
ബ്രൊക്കോളിയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയതിനാൽ മുഖക്കുരു വരാതിരിക്കാനും ചർമ്മത്തിൽ ജലാംശം നിലനിർത്താനും ഇവയ്ക്ക് കഴിവുണ്ട്. ബ്രൊക്കോളി കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഫൈബറിനാൽ സമ്പന്നമായ പച്ചക്കറി കൂടിയായ ബ്രൊക്കോളി പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. കാർബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. അലർജി പ്രശ്നമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കുന്നത് നല്ലതാണ്. ജലദോഷം, ചുമ, തുമ്മൽ എന്നിവ അകറ്റാൻ ഇത് സഹായിക്കും. ബ്രോക്കോളിയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.
ബ്രോക്കോളിയിൽ ധാരാളം നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഗുണം ചെയ്യും. ബ്രൊക്കോളിയിലെ ആന്റി ഓക്സിഡന്റുകൾക്ക് ക്യാൻസർ സാധ്യതകളെ തടയാൻ സാധിക്കും. 100 ഗ്രാം ബ്രൊക്കോളിയിൽ 34 കലോറിയാണ് അടങ്ങിയിരിക്കുന്നത്. സൾഫർ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറി കൂടിയാണിത്. കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാൻ ഇത് സഹായിക്കുകയും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്.

