കോഴിക്കോട്: നവരാത്രിയോടനുബന്ധിച്ച് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവത്തിന് തുടക്കമായി. മൂകാംബിക ക്ഷേത്രം അർച്ചകൻ വിഘ്നേഷ്ശ് അഡിഗയുടെ നേതൃത്വത്തിൽ നടന്ന വിവിധ പൂജാ ചടങ്ങുകളോടെയാണ് സർഗോത്സവത്തിന് തുടക്കമായത്.
ഒക്ടോബർ 15 ന് വൈകിട്ട് കേന്ദ്രമന്ത്രി ശോഭ കരന്തലജെ നവരാത്രി സർഗോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി വി.മുരളീധരൻ, അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഗോവ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഹരിലാൽ ബി. മേനോൻ,തുടങ്ങി സാമൂഹിക സാംസ്കാരിക,സാഹിത്യ രംഗങ്ങളിലെ പ്രമുഖർ ഒൻപത് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും.
സർഗോത്സവത്തോടനുബന്ധിച്ച്,നാടകം ,മോഹിനിയാട്ടം, കഥകളി നാടകം തുടങ്ങി വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. വിജയദശമി ദിനത്തിൽ നടക്കുന്ന വിദ്യാരംഭച്ചടങ്ങിൽ, പ്രഫ. ഹരിലാൽ ബി. മേനോൻ, വിധുബാല, എ. ഗോപാലകൃഷ്ണൻ, ജെ. നന്ദകുമാർ, സ്വാമി നരസിംഹാനന്ദ, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ കുരുന്നുകൾക്ക് അക്ഷരദീക്ഷ നൽകും. ചിത്രകലാ വിദ്യാരംഭം, നൃത്ത വിദ്യാരംഭം എന്നിവ യഥാക്രമം ആർട്ടിസ്റ്റ് മദനൻ, ഗായത്രി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കും.
സർഗ്ഗോത്സവത്തോടനുബന്ധിച്ചുള്ള, സർഗ്ഗപ്രതിഭാ പുരസ്‌കാരം പിന്നണി ഗായകൻ ജി. വേണുഗോപാലിന് കേന്ദ്രമന്ത്രി വി.മുരളീധരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ ചേർന്നു സമ്മാനിക്കും . 20ന് വൈകിട്ടാണ് പുരസ്കാര സമർപ്പണം. സംഗീതലോകത്തിനു നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം. 25000 രൂപയും ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് അവാർഡ്.
Discussion about this post