ഡൽഹി: തൃണമൂൽ എംപി മഹുവ മൊയ്ത്രയെ പ്രകോപിപ്പിച്ചത് വിവാദ വ്യവസായി ഹീരാനന്ദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെന്ന് റിപ്പോർട്ടുകൾ. ദുബായിൽ പോകുമ്പോൾ രാത്രി തങ്ങുന്നത് എവിടെയാണ്?, ഹീരാനന്ദാനിയുടെ ഭാര്യയുമായുള്ള ബന്ധമെങ്ങിനെയായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റി യോഗത്തിൽ മഹുവ മൊയ്ത്രയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
എത്തിക്ക്സ് കമ്മിറ്റി യോഗത്തിൽ തന്നോട് വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചുവെന്നായിരുന്നു മഹുവയുടെ ആരോപണം. ചോദ്യങ്ങൾക്കിടെ മഹുവ മൊയ്ത്ര പ്രകോപിതയായി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവയെ ലോക്സഭയിൽ നിന്ന് അയോഗ്യയാക്കണമെന്ന് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. മഹുവയ്ക്കെതിരായ റിപ്പോർട്ട് നാലിനെതിരെ ആറ് വോട്ടുകൾക്കാണ് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ പാസ്സായത്.
ഹീരാനന്ദാനി ബാല്യകാല സുഹൃത്താണെന്നും അനധികൃതമായി പാർലമെന്റ് ലോഗിൻ ഐഡി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ മഹുവ നിലപാടെടുത്തത്. തുടർന്ന് ദുബായിയിൽ പോയാൽ ആരെയൊക്കെ കാണാറുണ്ട്, എവിടെയാണ് താമസിക്കാറ് തുടങ്ങിയ ചോദ്യങ്ങൾ എത്തിക്ക്സ് കമ്മിറ്റി ചെയർമാൻ ഉയർത്തിയെന്നാണ് സൂചന.പിന്നാലെ താങ്കൾക്കും സമിതിക്കുമെതിരെ പരാതി കൊടുക്കുമെന്നു പറഞ്ഞ് മഹുവ ക്ഷുഭിതയായി ഇറങ്ങിവരികയായിരുന്നു
47 തവണ ദുബായിൽനിന്ന് മഹുവയുടെ ലോഗിൻ വിവരങ്ങളുപയോഗിച്ച് എൻഐസി പോർട്ടലിൽ കയറിയത് രാജ്യസുരക്ഷയ്ക്കു ഭീഷണിയായേക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും സമിതിയെ അറിയിച്ചതായാണ് വിവരം. സമിതിയെ അപമാനിക്കാൻ ശ്രമിച്ചതിന്, തൃണമൂൽ എംപി ഡാനിഷ് അലിക്കെതിരെയും നടപടി വേണമെന്ന് റിപ്പോർട്ടിൽ നിർദേശമുണ്ട്

