ഡൽഹി: രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ (ആർഎസ്എസ് ) നേതൃത്വത്തിൽ നടക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോൺക്ലേവിന് ഡൽഹിയിൽ തുടക്കമായി. ‘സൗത്ത് ഇന്ത്യ’ വിഘടനവാദ നീക്കങ്ങൾക്കെതിരെയാണ് കോൺക്ലേവ്. കേസരി വാരികയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവ് ദൽഹി അശോക ഹോട്ടലിൽ കേന്ദ്രമന്ത്രി വി മുരളീധരൻ ഉത്ഘാടനം ചെയ്തു. ആർഎസ്എസ് -പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ കോൺക്ലേവിൽ മുഖ്യ പ്രഭാഷണം നടത്തി. ഒരു ദിവസം നീണ്ടു നിൽക്കുന്ന കോൺക്ലേവിൽ മറ്റ് കേന്ദ്രമന്ത്രിമാരും, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും
കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുത്ത ‘കട്ടിങ് സൗത്ത്’ മീഡിയ ഫെസ്റ്റിവലിന് ബദലായാണ് ‘ബ്രിഡ്ജിംഗ് സൗത്ത്’ എന്ന പേരിൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. രാജ്യ തലസ്ഥാനത്ത് തന്നെ ആർഎസ്എസ് മറുപടിയായി കോൺക്ലേവ് സംഘടിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ബുദ്ധിജീവികളും അക്കാദമിക് വിദഗ്ധരുമടക്കം പങ്കെടുക്കുന്ന പരിപാടിയിൽ ദേശീയവാദം, സാംസ്കാരിക -ആത്മീയ ഇഴചേരൽ തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ചയാകും. ആർഎസ്എസ് വൈചാരിക വിഭാഗമായ പ്രജ്ഞാപ്രവാഹ് ആണ് കോൺക്ലേവിന് ചുക്കാൻ പിടിക്കുന്നത്
കേരള പത്രപ്രവർത്തക യൂണിയന്റെ പിന്തുണയിൽ ഇക്കഴിഞ്ഞ മാർച്ചിൽ സംഘടിപ്പിച്ച കട്ടിങ് സൗത്ത് വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കാനഡയടക്കമുള്ള ഇന്ത്യ വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്ന രാജ്യങ്ങളിൽ നിന്നും ഇവർക്ക് സാമ്പത്തിക സഹായം ലഭിച്ചതായും സൂചനയുണ്ട് . ‘കട്ടിങ് സൗത്ത്’ പ്രചാരണം ആഗോള അജണ്ടയാണെന്ന് മനസ്സിലാക്കിയാണ് , വിഘടനവാദ നീക്കത്തിനെതിരെ ആർഎസ്എസ് മുന്നിട്ടിറങ്ങുന്നതെന്നും സൂചനയുണ്ട്

