തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കൾ. പിടിച്ചെടുത്തവയിൽ 7.13 കോടിയുടെ ലഹരി വസ്തുക്കളുമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 16 മുതൽ ഏപ്രിൽ 03 വരെയുള്ള കണക്കാണിത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, ലഹരി വസ്തുക്കൾ തുടങ്ങിയവയുടെ കണക്കാണ്. രേഖകളില്ലാതെ കൊണ്ടുപോയ 6.67 കോടി രൂപ ഒരു കോടി രൂപ മൂല്യം വരുന്ന 28,867 ലിറ്റർ മദ്യവും പിടിച്ചെടുത്തവയിൽ പെടുന്നു. 6.13 കോടി രൂപ മൂല്യം വരുന്ന ലഹരി മരുന്നുകളും കണ്ടെത്തി. പൊലീസ്,ആദായനികുതി വകുപ്പ്, എക്‌സൈസ് തുടങ്ങിയ ഏജൻസികളാണ് പരിശോധന നടത്തിയത്.
മാർച്ച് 23 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡി ആർ ഐയും എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ 3.41 കോടി രൂപ വിലയുള്ള 5.26 കി. ഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. 2.85 കോടി രൂപ വിപണിവിലയുള്ള 4.4 കി.ഗ്രാം സ്വർണം ദുബായിൽ നിന്നെത്തിയ ഇന്റിഗോ വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. അതേവിമാനത്തിൽ തന്നെയെത്തിയ യാത്രക്കാരനിൽ നിന്നാണ് ബാക്കി 55.77 ലക്ഷം രൂപ മൂല്യമുള്ള 1019 ഗ്രാം സ്വർണം കണ്ടെത്തിയത്.
സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾക്കും ഫ്‌ളയിങ് സ്‌ക്വാഡുകൾക്കുമൊപ്പം ഓരോ ജില്ലക്കും ചെലവ് നിരീക്ഷകരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. കൂടാതെ എല്ലാ അന്തർ സംസ്ഥാന അതിർത്തി പാതകളിലും സിസിടിവി സ്ഥാപിക്കുകയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ സജ്ജമാക്കിയ കൺട്രോൾ റൂമിൽ നിന്ന് തത്സമയ നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്.
Discussion about this post