പട്ന: വെന്തുരുകി ഉത്തരേന്ത്യ. കനത്ത ചൂടിനെ തുടർന്ന് ഉത്തരേന്ത്യയിൽ 50 പേർ മരിച്ചു. സംസ്ഥാനങ്ങളിൽ ഇനിയും ഉഷ്ണ തരംഗം ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്. ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വിവിധയിടങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. കൊടും ചൂടിനെ തുടർന്ന് ബിഹാറിൽ മാത്രം19 പേരും ഒഡിഷയിൽ 10 പേരുമാണ് മരിച്ചത്. രാജസ്ഥാനിലും ഹരിയാനയിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ബിഹാറിലെ സ്കൂളുകൾ ജൂൺ എട്ട് വരെ അടച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് നടപടി. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ജൂൺ എട്ട് വരെ അടച്ചിടുന്നത്.
Discussion about this post