പാരിസ് ഒളിംപിക്‌സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകളെടുത്താണ് ഇന്ത്യ വെങ്കലം നിലനിർത്തിയത്. 2021 ടോക്കിയോ ഒളിംപിക്സിലും ഇന്ത്യ വെങ്കലമെഡൽ കരസ്ഥമാക്കിയിരുന്നു. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് കാരണം.
പാരിസ് ഒളിംപിക്സോടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഹോക്കി ഗോൾകീപ്പറും മലയാളി താരവുമായ പിആർ ശ്രീജേഷിന് വെങ്കലത്തോടെ വിടവാങ്ങാം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ഒന്നാം ക്വാർട്ടറിലെ 18-ാം മിനിറ്റിൽ സ്‌പെയിനാണ് ആദ്യം ലീഡെടുത്തത്.
പെനാൽറ്റിയിലൂടെ മാർക്ക് മിറാലസാണ് സ്പാനിഷ് പടയുടെ ഗോൾ നേടിയത്. ഇതോടെ തിരിച്ചടിക്കാൻ ഇന്ത്യ ആക്രമണം കടുപ്പിച്ചു. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ഹർമ്മൻപ്രീതിന്റെ മികവ് ഇന്ത്യയെ സ്പെയിന്റെ ഒപ്പമെത്തിച്ചു. പെനാൽറ്റി കോർണറിൽ നിന്നായിരുന്നു ഇന്ത്യയുടെ സമനില ഗോൾ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഹർമ്മൻപ്രീത് ഇന്ത്യയുടെ സ്‌കോർ ഇരട്ടിയാക്കി. 33-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോൾ. ഇതോടെ ടൂർണമെൻറിൽ ഹർമ്മൻപ്രീതിൻറെ ഗോൾനേട്ടം പത്തായി. തുടർച്ചയായ രണ്ടാം തവണയാണ് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ വെങ്കലം സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ടോക്യോയിൽ ശ്രീജേഷിന്റെ മികവിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു

