ന്യൂഡൽഹി: രാഹുൽ ഗാന്ധി വിദേശ യാത്ര നടത്തുന്നത് ഇന്ത്യയെ ആക്ഷേപിക്കാനാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. യുഎസിൽ വിദ്യാർഥികളുമായുള്ള സംവാദത്തിനിടെ രാഹുൽ ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ചു പറഞ്ഞതിനോടു പ്രതികരിച്ചാണ് കേന്ദ്ര മന്ത്രിയുടെ വിമർശനം.
ആർഎസ്എസിനെപ്പറ്റി മനസിലാക്കാൻ രാഹുൽ ഗാന്ധിക്ക് ഈ ജന്മം മതിയാകില്ല. അത് അറിയണമെങ്കിലും രാഹുൽ പല ജന്മം ജനിക്കണം. രാജ്യദ്രോഹിക്ക് ഒരിക്കലും ആർഎസ്എസ് എന്താണെന്ന് അറിയില്ല. വിദേശത്ത് എത്തി ഇന്ത്യയെ വിമർശിക്കുന്നവർക്ക് ആർഎസ്എസ്എസിനെ മനസിലാകില്ല. ഇന്ത്യയെ ആക്ഷേപിക്കാൻ വേണ്ടി മാത്രമാണ് രാഹുൽ വിദേശത്തേയ്ക്ക് പോകുന്നതെന്നും ഇന്ത്യയുടെ മൂല്യങ്ങളിൽ നിന്നും സംസ്‌കാരത്തിൽ നിന്നുമാണ് ആർഎസ്എസ് ജനിച്ചതെന്നും ഗിരിരാജ് സിങ് പറഞ്ഞു.
ടെക്‌സസിൽ ഇന്ത്യൻ സമൂഹവുമായി സംവദിച്ച രാഹുൽ, ആർഎസ്എസ് ഇന്ത്യയെ ഒറ്റ ആശയത്തിലേയ്ക്കു ചുരുക്കുകയാണെന്നും കോൺഗ്രസ് വിശ്വസിക്കുന്നത് ബഹുസ്വരതയിലാണെന്നും പറഞ്ഞു. സ്ത്രീകൾക്ക് വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നതാണ് ജോലിയെന്ന് ആർഎസ്എസ് വിശ്വസിക്കുമ്പോൾ എല്ലാ മേഖലയിലും സ്ത്രീകൾ വരട്ടെ എന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ സ്‌നേഹത്തിന്റെ രാഷ്ട്രീയം അവതരിപ്പിച്ചത് ഭാരത് ജോഡോ യാത്രയാണ്. എല്ലാ രീതിയിലുമുള്ള ആശയ വിനിമയം അവസാനിപ്പിച്ചതാണ് ജോഡോ യാത്ര തുടങ്ങാനിടയാക്കിയത്. പാർലമെന്റിൽ ഞങ്ങൾ പറഞ്ഞതൊന്നും ടെലിവിഷനിൽ കാണിച്ചില്ല. ലോകത്ത് തന്നെ ഭാരത് ജോഡോ യാത്രയുടെ രീതി വിരളമായിരുന്നു. എന്റെ കാഴ്ചപ്പാടുകളെ യാത്ര പൂർണമായും മാറ്റി. ജനങ്ങളെ കേൾക്കുന്നതിലും ആശയവിനിമയം നടത്തുന്നതുമെല്ലാം പൂർണമായും മാറിയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

