ന്യൂഡൽഹി: നുഴഞ്ഞുകയറ്റം തടയാൻ തേനീച്ച വളർത്തലുമായി അതിർത്തിരക്ഷാസേന. ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയിൽ 46 കിലോമീറ്റർ വേലിയിലാണ് തേനീച്ചക്കൂടുകൾ സ്ഥാപിച്ചത്. ബി.എസ്.എഫിന്റെ 32-ാം ബറ്റാലിയൻ ആണ് ഇവിടെ അതിർത്തികാക്കുന്നത്. ഇതോടെ നുഴഞ്ഞുകയറ്റം കുറഞ്ഞുവെന്നാണ് വിലയിരുത്തൽ.
തേനീച്ച വളർത്തൽ ആരംഭിച്ചതോടെ അതിർത്തി കടന്നെത്തുന്ന മോഷ്ടാക്കളുടേയും പിടിച്ചുപറിക്കാരുടേയും ശല്യത്തിൽ കുറവുണ്ടെന്ന് നാട്ടുകാരും പറയുന്നു. പശ്ചിമബംഗാളിൽ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന 46 കിലോമീറ്റർ ദൂരത്തിലാണ് ബി.എസ്.എഫ്. തേനീച്ച കൂടുകൾ സ്ഥാപിച്ചത്.
കാലിക്കടത്തടക്കം നേരത്തെ അതിർത്തിവഴി നടത്തിയിരുന്നു. തേനീച്ചകളെ സ്ഥാപിച്ചതോടെ ഇത് ഏതാണ്ട് ഇല്ലാതായെന്നാണ് ബി.എസ്.എഫ്. സാക്ഷ്യപ്പെടുത്തുന്നത്. ബംഗ്ലാദേശികൾ വേലി മുറിച്ച് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി നുഴഞ്ഞുകയറുന്നതിന് തടയിടാൻ വഴികൾ തേടിയതിന് ഒടുവിലാണ് ഇത്തരമൊരു ആശയം ശ്രദ്ധയിൽപ്പെട്ടതെന്ന് കമാൻഡന്റ് സുജീത് കുമാർ പറഞ്ഞു.
വിരമിച്ചാൽ ജവാന്മാർക്ക് തേനീച്ച വളർത്തൽ വരുമാനമാർഗമായി സ്വീകരിക്കാൻ കൂടെ ഇത് പ്രാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ വൈബ്രന്റ് വില്ലേജ് സംരംഭത്തിൽ ഉൾപ്പെടുത്തി കഴിഞ്ഞ നവംബർ മുതലാണ് തേനീച്ചക്കൂട് സ്ഥാപിക്കാൻ ആരംഭിച്ചത്.
Discussion about this post