ന്യൂഡൽഹി: സിന്ധു നദീജല ഉടമ്പടിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന് നോട്ടീസ് അയച്ച് ഇന്ത്യ. 1960ലെ ഉടമ്പടിയിൽ ഭേദഗതി ആവശ്യപ്പെട്ട് 2023 ജനുവരിയിലും ഇന്ത്യ പാകിസ്താന് നോട്ടീസ് അയച്ചിരുന്നു. കരാർ നടപ്പാക്കുന്നതിൽ പാകിസ്താൻ സഹകരിക്കാത്തതിനെ തുടർന്നാണ് നോട്ടീസ്. കരാർ പുനഃപരിശോധിക്കുന്നതിന് സർക്കാർ തല ചർച്ചകൾ ആരംഭിക്കാനാണ് നോട്ടീസിലൂടെ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെടുന്നത്.
റാറ്റിൽ, കിഷൻഗംഗ ജലവൈദ്യുത പദ്ധതികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലാണ് ഈ സംഭവം. ഉടമ്പടി പ്രകാരമുള്ള ഇന്ത്യയുടെ ഇളവുകൾ അന്യായമായി മുതലെടുത്ത് പാകിസ്താൻ ഈ സംരംഭങ്ങൾക്ക് തടസ്സം നിന്നതായി ഇന്ത്യൻ ഉദ്യോഗസ്ഥർ പറയുന്നു.
1960ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറിൽ ഒപ്പുവെച്ചത്. ബിയാസ്, രവി, സത്ലജ്, സിന്ധു, ചെനാബ്, ഝലം എന്നീ ആറ് നദികളിലെ ജലം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അവകാശമാണ് കരാറിന്റെ ഉള്ളടക്കം. ലോകബാങ്കാണ് കരാറിന് മധ്യസ്ഥത വഹിച്ചത്.
കരാർ പ്രകാരം പടിഞ്ഞാറ് സിന്ധു, ചെനാബ്, ഝലം എന്നീ നദികളിലെ ജലം പാകിസ്താനുള്ളതാണ്. എന്നാൽ, ഈ നദികളിലെ വെള്ളം കൃഷിക്കും ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്. ഇതോടൊപ്പം ചില മാനദണ്ഡങ്ങൾക്കനുസൃതമായി ഇന്ത്യയ്ക്ക് ജലവൈദ്യുത പദ്ധതികൾ നിർമിക്കാനും കഴിയും. കരാർ പ്രകാരം സിന്ധുനദിയിലെ 20 ശതമാനം വെള്ളം മാത്രമാണ് ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവുക.
Discussion about this post