ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 26 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്നത്. 25.5 ലക്ഷം വോട്ടർമാർ 26 മണ്ഡലങ്ങളിലെ വിധി നിർണയിക്കും. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടക്കം ഇന്ന് ജനവിധി തേടും.
3,502 പോളിങ് സ്റ്റേഷനുകളിലായി 13,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കനത്ത സുരക്ഷയിലാകും വോട്ടെടുപ്പ് നടക്കുക. ശ്രീനഗർ, ബുദ്ഗ്രാം, ഗന്ദർബൽ അടക്കമുള്ള അറ് ജില്ലകളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 26 മണ്ഡലങ്ങൾ. 239 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ഒമർ അബ്ദുള്ളയ്ക്ക് പുറമെ, ജെകെപിസിസി പ്രസിഡന്റ് താരിഖ് ഹമീദ് കേര, രവീന്ദർ റെയ്ന തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരിൽ പ്രമുഖർ. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും.
സെപ്റ്റംബർ 18നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 24 മണ്ഡലങ്ങളായിരുന്നു ആദ്യഘട്ടത്തിൽ വിധിയെഴുതിയത്. അടുത്ത മാസം ഒന്നിനാണ് അവസാന ഘട്ട തിരഞ്ഞെടുപ്പ്. അടുത്ത മാസം എട്ടിന് വോട്ട് എണ്ണും. പത്ത് വർഷത്തിനിടെ ആദ്യമായാണ് കശ്മീരിൽ വോട്ടെടുപ്പ് നടക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്.
Discussion about this post