കൊച്ചി: കേരളത്തിൻറെ യാത്രയ്ക്ക് വേഗതയേകാൻ 10 നമോ ഭാരത് ട്രെയിനുകൾ സംസ്ഥാനത്തേക്കെത്തുമെന്ന് റിപ്പോർട്ട്. വന്ദേ മെട്രോ എന്ന പേരിൽ രൂപകൽപ്പന ചെയ്ത ട്രെയിനുകളാണ് നിലവിൽ നമോ ഭാരത് റാപ്പിഡ് റെയിൽ എന്ന പേരിൽ അറിയപ്പെടുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നേരത്തെ വന്ദേ മെട്രോയ്ക്കായി 10 റൂട്ടുകൾ ശുപാർശ ചെയ്തിരുന്നു. ഇവ വൈകാതെ തന്നെ കേരളത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ പാസഞ്ചർ / മെമു ട്രെയിനുകൾക്ക് പകരമാകും നമോ ഭാരത് ട്രെയിനുകൾ ഓടുക.
വന്ദേ ഭാരത് എക്സ്പ്രസുകളുടെ മിനിപതിപ്പാണ് നമോ ഭാരത് ട്രെയിനുകൾ. ഈ സാമ്പത്തിക വർഷം തന്നെ കേരളത്തിലേക്കും നമോ ഭാരത് റേക്കുകൾ എത്തിയേക്കും. തിരുവനന്തപുരം ഡിവിഷന് കീഴിൽ, കൊല്ലം – തൃശൂർ, കൊല്ലം – തിരുനെൽവേലി, തിരുവനന്തപുരം – എറണാകുളം, ഗുരുവായൂർ – മധുര എന്നീ സർവീസുകൾ ഉറപ്പാണെന്നാണ് അധികൃതരെ ഉദ്ധരിച്ച് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. എറണാകുളത്തേക്കുള്ള സർവീസുകളിൽ ഒന്ന് കോട്ടയം വഴിയും മറ്റൊന്ന് ആലപ്പുഴ വഴിയുമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം – എറണാകുളം നമോ ഭാരത് കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. അങ്ങനെയാണെങ്കിൽ കൊല്ലം – തൃശൂർ നമോ ഭാരത് ട്രെയിനിൻറെ സർവീസ് ആലപ്പുഴ വഴിയായേക്കും. പൂർണമായും എസി കോച്ചുകളാണ് നമോ ഭാരതിലുണ്ടാവുക. ഈ ട്രെയിനിലെ കുറഞ്ഞ ടിക്കറ്റ് 30 രൂപയാണ്. ട്രെയിൻ ടിക്കറ്റ് പാസഞ്ചറിന് സമാനമായി അതത് സ്റ്റേഷനുകളിലെ കൗണ്ടറുകളിൽ നിന്നു ലഭിക്കും
Discussion about this post