ന്യൂയോർക്ക്: അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. വാശിയേറിയ ഡോണൾഡ് ട്രംപ് – കമല ഹാരിസ് പോരാട്ടത്തിൽ വിധിയെഴുതാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ ഇടവേളകളില്ലാതെയാണ് ഡോണൾഡ് ട്രംപും കമല ഹാരിസും വോട്ട് അഭ്യർത്ഥിച്ചത്. ഫലം അങ്ങോട്ടും മിങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ അവസാന വട്ട പ്രചാരണം നടന്നത്.
പെൻസിൽവേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ് ഡോണൾഡ് ട്രംപും കമല ഹാരിസും. അവിടെ അഞ്ചോളം പൊതു യോഗങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. അഭിപ്രായ സർവേകളിൽ ഒപ്പത്തിനൊപ്പമായ തെരഞ്ഞെടുപ്പിൽ അട്ടിമറിയും പ്രതീക്ഷിക്കാം. ഒരു വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം ഉറപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.
Discussion about this post