കൽപ്പറ്റ: വയനാട് പനമരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പോക്‌സോ കേസിൽ ഉൾപ്പെടുത്തി അകത്തിടും എന്ന പോലീസ് ഭീഷണിയെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. ഇതിൽ പൊലീസിനെതിരായ ആരോപണം ഉണ്ടായിരുന്നു.
വയനാട് എസ്‍പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ പൊലീസിനെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തും. ഇതിൻറെ ഭാഗമായി വകുപ്പുതല പ്രാഥമിക അന്വേഷണവും തുടങ്ങി.
യുവാവിൻറെ ആത്മഹത്യയിൽ കമ്പളക്കാട് പൊലീസിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. കമ്പളകാട് പൊലീസിനെതിരെയാണ് ആരോപണം ഉയർന്നത്. എന്നാൽ, പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കിയതിൽ മാത്രമാണ് കേസെടുത്തതെന്നാണ് പൊലീസിൻറെ വാദം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പൊതുസ്ഥലത്ത് വെച്ച് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസ് ആയിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
പെൺകുട്ടിയുമായി ഓട്ടോയിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് സ്ഥലത്ത് പൊലീസെത്തി രതിനെതിരെ കേസെടുക്കുന്നത്. എന്നാൽ, യുവാവിൻറേത് തെറ്റിദ്ധാരണ ആയിരുന്നെന്നും കേസടുത്തത് പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കിയതിന് ആണെന്നുമാണ് കമ്പളക്കാട് പൊലീസിൻറെ വാദം. എന്നാൽ പൊലീസ് വാദം തെറ്റാണെന്ന് ആരോപിച്ച കുടുംബം പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കടുത്ത ഭീഷണിക്ക് ഇരയായിട്ടാണ് രതിൻ ആത്മഹത്യ ചെയ്തത് എന്നാണ് ഉയരുന്ന ആക്ഷേപം.
Discussion about this post