ന്യൂഡൽഹി: മെറ്റയുടെ ഓൺലൈൻ മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് 2024 സെപ്റ്റംബർ മാസം 8,584,000 (85 ലക്ഷത്തിലധികം) അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു. ഉപഭോക്താക്കളുടെ അപ്പീലിനെ തുടർന്ന് ഇതിൽ 33 അക്കൗണ്ടുകളുടെ വിലക്ക് വാട്‌സ്ആപ്പ് പിൻവലിച്ചുവെന്നും കമ്പനി നവംബർ 1ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു
ആപ്ലിക്കേഷൻറെ ദുരുപയോഗം തടയാനും വിശ്വാസ്യത വർധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് 85 ലക്ഷത്തിലേറെ അക്കൗണ്ടുകൾക്കെതിരെ ഒരൊറ്റ മാസം കൊണ്ട് വാട്‌സ്ആപ്പ് ഇന്ത്യയിൽ നടപടി സ്വീകരിച്ചത്. ഇവയിൽ 1,658,000 അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതിയൊന്നും ഇല്ലാതെ നിരോധിച്ചവയാണ്. അക്കൗണ്ട് ഉടമകളിൽ നിന്ന് 8,161 പരാതികളാണ് വാട്സ്ആപ്പിന് 2024 സെപ്റ്റംബർ മാസം ലഭിച്ചത്. അവയിൽ 3,744 എണ്ണം നിരോധന അപ്പീലുകളായിരുന്നു. ഇവ പരിഗണിച്ച് 33 അക്കൗണ്ടുകളുടെ നിരോധനം വാട്‌സ്ആപ്പ് നീക്കി. ഈ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഡിജിറ്റൽ സുരക്ഷയ്ക്ക് വളരെ പ്രാധാന്യമുള്ള ഇന്ത്യയിൽ ഓരോ മാസവും ദശലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് ദുരുപയോഗം ചൂണ്ടിക്കാണിച്ച് വാട്സ്ആപ്പ് നിരോധിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം 71 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഇന്ത്യയിൽ കമ്പനി നിരോധിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റിൽ വാട്സ്ആപ്പ് 84 ലക്ഷത്തിലേറെ അക്കൗണ്ടുകൾ നിരോധിച്ചു. 10,707 പരാതികൾ ഓഗസ്റ്റിൽ ഉയർന്നപ്പോൾ 4,788 ബാൻ അപ്പീലുകളുണ്ടായി. ജൂലൈ മാസം 61 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് ബാൻ വന്നു.
Discussion about this post