ഇംഫാൽ: പുനരധിവാസ ക്യാമ്പിൽനിന്നും തട്ടിക്കൊണ്ടുപോയതിനുശേഷം നദിയിൽ കണ്ടെത്തിയ കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ കൂടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പുറത്തു വന്ന റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിശദാംശങ്ങളാണുള്ളത്. 10 മാസം പ്രായമുള്ള കുട്ടിയുടെയും ഒരു സ്ത്രീയുടെയും കണ്ണുകൾ മൃതദേഹത്തിൽ കാണാനായില്ല. ഒപ്പം എട്ട് വയസ്സുകാരിയുടെ ശരീരത്തിൽ നിരവധി വെടിയുണ്ടകൾ കാണപ്പെട്ടു.
സിൽചാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഏറ്റവും പുതിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈഷ്‌റാം ലംഗൻബ എന്ന 10 മാസം പ്രായമുള്ള ആൺകുട്ടിയുടെ രണ്ട് നേത്രഗോളങ്ങളും കൺകുഴിയിൽ നിന്ന് നഷ്ടപ്പെട്ടതായും ശരീരത്തിൽ വെട്ടേൽക്കുകയും തല ഉടലിൽനിന്ന് വേർപ്പെട്ട നിലയിൽ ആയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
നവംബർ 17ന് മോർച്ചറിയിൽ എത്തിച്ചപ്പോൾ ടീ ഷർട്ടും ട്രൗസറും ധരിച്ചിരുന്ന നിലയിലായിരുന്നുവെങ്കിലും കുട്ടിയുടെ മൃതദേഹം അഴുകിയിരുന്നുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ, ടെലൻ തജൻഗൻബി എന്ന എട്ടുവയസ്സുകാരിക്ക് വയറ്റിൽ വെടിയുണ്ടകൾ മൂലം നിരവധി പരിക്കുകളുണ്ടായിരുന്നു. 31 കാരിയായ ടെലിം തോയ്ബി എന്ന സ്ത്രീക്ക് വെടിയുണ്ടകളേറ്റ് തലയോട്ടി തകർന്നിരുന്നു.
തട്ടിക്കൊണ്ടുപോയവരുടെ ക്രൂരതയുടെ ആഴം വ്യക്തമാകുന്ന വിധം റിപ്പോർട്ടുകൾ വരുന്നത് ഈ കുടുംബത്തിലെ മറ്റ് മൂന്ന് അംഗങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ്. നേരത്തെ പുറത്തുവിട്ട ചിംകീൻബ സിങ് (മൂന്ന്), ഹെയ്‌തോൻബി ദേവി (25), റാണി ദേവി (60) എന്നിവരുടെ റിപ്പോർട്ടിലും അസ്വസ്ഥപ്പെടുത്തുന്ന വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.
മണിപ്പൂരിലെ ജിരിബാം ജില്ലയിൽ നിന്ന് തെക്കൻ അസമിലെ കച്ചാറിലേക്ക് ഒഴുകുന്ന ബരാക് നദിയിൽ നിന്ന് നവംബർ 16നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു. നവംബർ 22ന് കനത്ത സുരക്ഷയോടെയാണ് ആറുപേരുടെയും സംസ്‌കാരം നടത്തിയത്.
സംഘർഷം പൊട്ടിപ്പുറപ്പെട്ട കഴിഞ്ഞ വർഷം മെയ് മുതൽ ഇതുവരെ 258 പേർ സംസ്ഥാനത്ത് കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ സ്ഥിതിഗതികൾ അനുദിനം വഷളായിട്ടും മണിപ്പൂരിനു നേരെ കണ്ണടക്കുന്ന നിലപാട് കേന്ദ്ര സർക്കാർ തുടരുകയാണ്. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന് പ്രതിപക്ഷം പലവട്ടം ആവശ്യപ്പെട്ടിട്ടും നരേന്ദ്ര മോദി അതിന് തയാറായിട്ടില്ല.
Discussion about this post