തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നടന്റേത് ആത്മഹത്യയല്ലെന്നാണ് പോലീസിന്റെ നിഗമനം. ദിലീപിന്റെ തലയ്ക്ക് പിന്നിലായി പരിക്കുണ്ട്. തലയടിച്ച് വീണതാകാം മരണത്തിലേക്ക് നയിച്ചത് എന്നും സംശയിക്കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ മുറിയിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പോ, ആത്മഹത്യയാണെന്ന സൂചന നൽകുന്ന തെളിവുകളോ ലഭിച്ചിട്ടില്ല. മുറിയിൽ വീണ് കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം. അതുകൊണ്ട് തന്നെ തലയടിച്ച് വീണതാകാം മരണ കാരണം എന്നാണ് സംശയിക്കുന്നത്. മുറിയിൽ നിന്നും മദ്യകുപ്പികൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നടന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെയാണ് താരത്തെ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് ഷൂട്ടിംഗിന്റെ ഭാഗമായി ദിലീപ് തിരുവനന്തപുരത്ത് എത്തിയത്. രണ്ട് ദിവസത്തെ ഷൂട്ടിന് ശേഷം ഹോട്ടൽ മുറിയിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ തുടർ ചിത്രീകരണത്തിനായി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും എടുത്തിരുന്നില്ല. ഇതോടെ സീരിയലിന്റെ അണിയറ പ്രവർത്തകർ ഹോട്ടലിൽ എത്തുകയായിരുന്നു. ജീവനക്കാരുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു.
Discussion about this post