ഡൽഹി: ആംആദ്മി പാർട്ടിയുടെ രാഷ്‌ട്രീയ പ്രചരണ പോസ്റ്റുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. അരവിന്ദ് കെജ്‌രിവാളിന്റെയും ഡൽഹി മുഖ്യമന്ത്രി അതിഷിയുടെയും കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രചരണ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് നിർദ്ദേശം നൽകി.
വിഷയത്തിൽ സ്വമേധയാ ഇടപെട്ട കമ്മീഷൻ ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. കമ്മീഷൻ അംഗം പ്രിയാങ്ക് കനൂൻഗോ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏതെങ്കിലും രാഷ്‌ട്രീയ പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നത് വിലക്കാനും എല്ലാ രഷ്‌ട്രീയ പാർട്ടികൾക്കും ഇത് സംബന്ധിച്ച് കർശന നിർദേശങ്ങൾ നൽകാനും കമ്മീഷൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് നിർദേശം നൽകി.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആം ആദ്മിയുടെ പ്രചരണ വീഡിയോക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പാർട്ടിയുടെ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികൾ “അബ്‌കീ ബാർ കെജ്‌രിവാൾ” എന്ന വിളിക്കുന്നത് കാണിക്കുന്ന കെജ്‌രിവാളും അതിഷിയും പങ്കിട്ട വീഡിയോക്ക് പിന്നാലെയാണ് കമ്മീഷന്റെ കത്ത്. 2025 ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്.
Discussion about this post