അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 931 കോടിയിലധികം ആസ്തിയുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഈ ലിസ്റ്റിൽ ഏറ്റവും പുറകിൽ. 15 ലക്ഷം രൂപയാണ് മമത ബാനർജിയുടെ സമ്പാദ്യം.
സംസ്ഥാന അസംബ്ലികളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഒരു മുഖ്യമന്ത്രിയുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണ്.
2023-2024 കാലയളവിൽ ഇന്ത്യയുടെ പ്രതിശീർഷ അറ്റ ദേശീയ വരുമാനം അല്ലെങ്കിൽ എൻഎൻഐ ഏകദേശം 1,85,854 രൂപയായിരുന്നപ്പോൾ, ഒരു മുഖ്യമന്ത്രിയുടെ ശരാശരി സ്വയംവരുമാനം 13,64,310 രൂപയാണ്. ഇത് ഇന്ത്യയുടെ ശരാശരി പ്രതിശീർഷ വരുമാനത്തിൻ്റെ 7.3 ഇരട്ടിയാണ്.
31 മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 1,630 കോടി രൂപയാണ്.
332 കോടിയിലധികം ആസ്തിയുള്ള അരുണാചൽ പ്രദേശിലെ പേമ ഖണ്ഡു ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രി. 51 കോടിയിലധികം ആസ്തിയുള്ള കർണാടകയിലെ സിദ്ധരാമയ്യ മൂന്നാമതുമാണ്.
55 ലക്ഷം രൂപ ആസ്തിയുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പട്ടികയിലെ ദരിദ്രരിൽ രണ്ടാമതും 1.18 കോടിയുമായി പിണറായി വിജയൻ മൂന്നാമതുമാണ്.
180 കോടിയുടെ ഏറ്റവും ഉയർന്ന ബാധ്യതയും ഖണ്ഡുവാണ്. സിദ്ധരാമയ്യക്ക് 23 കോടി രൂപയും നായിഡുവിന് 10 കോടിയിലധികം രൂപയും ബാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
13 (42 ശതമാനം) മുഖ്യമന്ത്രിമാർക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ട്. 10 (32 ശതമാനം) പേർക്കെതിരെ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, കൈക്കൂലി, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കേസുകളും ഉണ്ട്.
31 മുഖ്യമന്ത്രിമാരിൽ രണ്ടുപേർ മാത്രമാണ് സ്ത്രീകൾ – പശ്ചിമ ബംഗാളിലെ മമത ബാനർജിയും ഡൽഹിയിലെ അതിഷിയും.
Discussion about this post