ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ കരാറിനായി മുന്നിട്ടിറങ്ങിയ രാജ്യങ്ങൾക്ക് നിരാശ. ആഗോളതാപനം നിയന്ത്രിക്കുന്നതിൽ നിർണായകമായേക്കുമായിരുന്ന തീരുമാനത്തിനായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമായിരുന്നു ഐക്യരാഷ്ട്രസഭയുടെ കാലവസ്ഥവ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനമായ കോപ്28-ൽ മുൻപന്തിയിലുണ്ടായിരുന്നത്. എന്നാൽ ഫോസിൽ ഇന്ധനങ്ങൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട കരടിലെ ആശങ്ങളിൽ ക്രമേണ ഉപയോഗം കുറയ്ക്കുക എന്ന നിർദേശം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ഒഴിവാക്കി.
കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനമില്ലാത്ത ഫോസിൽ ഇന്ധനങ്ങൾ മറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാമെന്നാണ് യുഎഇ മുന്നോട്ട് വച്ചിരിക്കുന്ന ആശയം. ഇതിൽ കാറ്റ്, സൗരോർജം, നൂക്ലിയർ, ഹൈഡ്രജൻ തുടങ്ങിയവ ഉൾപ്പെടുന്നു. സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ പുതിയ ആശയത്തിൽ ദീർഘമായ ചർച്ചകളുണ്ടായേക്കും. ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കണമെന്ന് അഭിപ്രായമുള്ള രാജ്യങ്ങൾ നിലപാടിൽ ഉറച്ചുനിന്നേക്കുമെന്നുമാണ് വിവരം.
സണ്ണിലാൻഡ്‍സിൽ അമേരിക്കയും ചൈനയും ഒപ്പുവെച്ച കരാറുമായി പുതിയ ആശയത്തിന് സാമ്യമുണ്ട്. ഫോസിൽ ഇന്ധനങ്ങൾക്ക് പകരം പുനരുപയോഗ ഊർജം കൊണ്ടുവരണമെന്നായിരുന്നു കരാർ ആവശ്യപ്പെട്ടത്. കോപ്28-ൽ ഒരു അന്താരാഷ്ട്ര സമവായത്തിലെത്തുന്നതിൽ സണ്ണിലാൻഡ്‌സ് കരാർ ഒരു മാർഗരേഖയായേക്കുമെന്നും ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു.

