നിലമ്പൂർ : 2019 ആഗസ്റ്റ് എട്ടിനാണ് കേരളം കണ്ടതിൽവെച്ചേറ്റവും വലിയ ദുരന്തത്തിൽ കുത്തിയൊലിച്ചു പോയത് ഒരു ഗ്രാമവും 59 ജീവനുമാണ്. 11 പേർ ഇപ്പോഴും കണ്ടെടുക്കാനാവാതെ മണ്ണിനടിയിൽ എവിടെയോ ഉറങ്ങുന്നുണ്ട്. മഴയൊന്ന് കനത്താൽ പിന്നെ നെഞ്ചിടിപ്പാണ് ദുരന്ത ഭൂമിയുടെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന 72 കുടുംബങ്ങൾക്ക്. കവളപ്പാറ ദുരന്തത്തിന് നാലാണ്ടുകൾ പൂർത്തിയാകുമ്പോഴും മരവിച്ച ഓർ മ്മകൾ ഉള്ളിലൊതുക്കി ഒരു ജനതയിന്ന് അതിജീവനത്തിന്റെ വഴിയിലാണ്.
കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ രക്ഷാ പ്രവർത്തനവും തെരച്ചിലും നടന്ന ദിവസം. മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടി താഴ്വാരത്ത് അധിവസിച്ചിരുന്ന നാൽപ്പത്തിയഞ്ചോളം വീടുകൾ മണ്ണിനടിയിലായി. രാത്രി എട്ട് മണിയോടെയുണ്ടായ ദുരന്തത്തിൽ ഒന്നു നിലവിളിക്കാനോ ഓടിരക്ഷപ്പെടാനോ ആകാതെ 59 ജീവനുകൾ മുത്തപ്പൻകുന്നിന്റെ മണ്ണിനടിയിലായി.19 ദിവസത്തോളം നീണ്ട തിരച്ചിലിൽ നാൽപ്പത്തിയൊൻപത് മൃതദേഹങ്ങളേ കണ്ടെടുക്കാനായുള്ളൂ.11 പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ട് കിട്ടിയിട്ടില്ല.
ദുരന്ത വിവരമറിഞ്ഞു നാനാഭാഗങ്ങളില്നിന്നും കരുണവറ്റാത്ത മനുഷ്യരുടെ ഒഴുക്കായിരുന്നു കവളപ്പാറയിലേക്ക്. ഒരു ജീവന്റെ തുടിപ്പെങ്കിലും തിരിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയായിരുന്നു. ഒരു കുടുംബത്തിലെത്തന്നെ നാലും അഞ്ചും ജീവനുകൾ പോലും ആ ദുരന്തം കവർന്നെടുത്തു. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളും മോഹങ്ങളും തകർത്തെറിഞ്ഞ ആ ദിനം ഭീതിയോടെ മാത്രമാണ് കവളപ്പാറ നിവാസികൾ ഇന്ന് ഓർക്കുന്നത്.
മുത്തപ്പൻ മലയുടെ 40 ശതമാനം മാത്രമാണ് ഇടിഞ്ഞിട്ടുള്ളത്. ശേഷിക്കുന്ന ഭാഗം ഏതു നിമിഷവും ഇടിയാമെന്ന മുന്നറിയിപ്പോടെ നിലനിൽക്കുന്നുണ്ട്. മഴ കനത്താൽ പ്രദേശവാസികൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാനുള്ള അധികൃതരുടെ ഉത്തരവെത്തും. മഴയൊന്ന് അടങ്ങിയാൽ തിരികെ. കഴിഞ്ഞ നാല് വർഷമായുള്ള പതിവ് കാഴ്ചയാണിത്. സർക്കാർ നൽകിയ ധനസഹായങ്ങൾ സ്വീകരിച്ച് പുതുജീവിതം കെട്ടിപ്പടുത്തുകൊണ്ടിരിക്കയാണ് പ്രദേശവാസികൾ. കവളപ്പാറ ദുരന്തം നടന്ന 200 മീറ്റർ ചുറ്റളവിലുള്ള 108 കുടുംബങ്ങൾക്കാണ് ആദ്യഘട്ട പുനരധിവാസമെന്നോണം വീടുകൾ നിർമ്മിച്ച് നൽകിയത്. തുടർന്ന് 25 കുടുംബങ്ങളെയും കൂടി പട്ടികയിൽ ഉൾപ്പെടുത്തി വീടൊരുക്കി. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ആനക്കല്ലിലും ഞെട്ടിക്കുളത്തുമെല്ലാമായി അവർ വീടുകളൊരുങ്ങിയിരുന്നു.

