തിരുവനന്തപുരം ; തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്കൊരുങ്ങി എൻസിപി നേതൃത്വം. പാർട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ചാണ് നടപടിയെടുക്കുന്നത്. പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിച്ചുവെന്ന് കാണിച്ചു ദേശീയ നേതൃത്വത്തിന് ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും പരാതി നൽകിയിട്ടുണ്ട്. പ്രവർത്തകസമിതിയിൽ നിന്ന് തോമസ് കെ. തോമസിനെ ഇതിനോടകം പുറത്താക്കിയതായാണ് അറിയാൻ സാധിക്കുന്നത്.
കുട്ടനാട് പാടശേഖരത്തിൽ കാർ അപകടത്തിൽപെടുത്തി തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന തോമസ് കെ.തോമസിന്റെ വെളിപ്പെടുത്തലിൽ എൻസിപി നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കൊലപ്പെടുത്താനാണ് നീക്കം നടന്നതെന്നായിരുന്നു ഡിജിപിക്ക് നൽകിയ പരാതിയിൽ തോമസ് കെ.തോമസ് പറഞ്ഞത്. വ്യവസായിയും എൻസിപി മുൻ പ്രവർത്തകസമിതി അംഗവുമായ റജി ചെറിയാനെതിരെയാണ് ആരോപണം. തോമസിന്റെ മുൻ ഡ്രൈവർ തോമസ് കുരുവിളക്കെതിരെയും എംഎൽഎ ആക്ഷേപം ഉന്നയിച്ചിരുന്നു.
അതേമസയം, തോമസ് കെ തോമസിന്റെ വധശ്രമം പരാതി ഗുരുതരമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമാണെന്നും പോലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് വിഷയം ശരത് പവാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ആ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎക്കെതിരെ നടപടിയെടുക്കാൻ എൻസിപി നേതൃത്വം ഒരുങ്ങുന്നത്.

