ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി-20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കം. ഡൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ 9.30-ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ലോക നേതാക്കളെ സ്വീകരിച്ചു. 10.30-ന് ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ചയായിരിക്കും ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുക.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെച്ചൊല്ലി അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ഒരുഭാഗത്തും റഷ്യയും ചൈനയും മറുഭാഗത്തും ചേരിതിരിഞ്ഞ് നിലയുറപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി. ആഫ്രിക്കൻ യൂണിയനെ ജി-20 യിൽ ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ ഉച്ചകോടിയിൽ തീരുമാനമാകും. 15 ഉഭയകക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ചനടത്തും. ലോകനേതാക്കൾ അടക്കം എത്തിയതോടെ രണ്ടുദിവസം ഡൽഹി നയതന്ത്രവേദിയാകും. ജി20 അംഗരാജ്യങ്ങളും യുറോപ്പ്യൻ യൂണിയനിലെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്‌ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്‌ട്ര സംഘടനാ മേധാവികളും പങ്കെടുക്കും.

