അമരാവതി; ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവിനെ സിഐഡി അറസ്റ്റ് ചെയ്തു. പാർട്ടി നേതാക്കൾ അവകാശപ്പെട്ടു. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പുകളാണ് നായിഡുവിന്റെ പേരിൽ ചുമത്തിയിരിക്കുന്നത്. പൊതുപണം കൊള്ളയടിച്ച ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്രാ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മെരുഗ നാഗാർജുന ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് അറസ്റ്റ്.
സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് നായിഡുവിനെ അറസ്റ്റ് ചെയ്യതിരിക്കുന്നത്. ഇതിൽ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു. ഇന്ന് പുലർച്ചെയാണ് നന്ദ്യാൽ പൊലീസ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവർത്തകർ കനത്ത പ്രതിഷേധം ഉയർത്തിയെങ്കിലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൃത്യമായ വിവരങ്ങളില്ലാതെയാണ് സിഐഡി അറസ്റ്റ് ചെയ്തതെന്നും തെളിവുകൾ കാണിക്കാൻ അവർ വിസമ്മതിച്ചുവെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യ്തതെന്നും, ആ തെളിവുകൾ ഹൈക്കോടതിയിൽ ഹാജറാക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ എല്ലാ കാര്യങ്ങളും അടങ്ങിയിട്ടുണ്ടെന്നും സിഐഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തെളിവ് ഹാജരാക്കിയാൽ മാത്രമേ നിയമവുമായി സഹകരിക്കൂവെന്ന് ചന്ദ്രബാബു പറഞ്ഞു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ ടിഡിപി പ്രവർത്തകരും പോലീസുകാരും തമ്മിൽ നേരിയ വാക്കേറ്റവും ഉണ്ടായി. പത്ത് വർഷക്കാലം അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു 73കാരനായ ചന്ദ്രബാബു നായിഡു.

