ഡൽഹി: ഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്ക് കനത്ത സുരക്ഷാ വലയം. പഴുതടച്ച സുരക്ഷയിലാണ് ലോകനേതാക്കൾ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ സമ്മേളനം നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക്, സൗദി അറേബ്യയുടെ മുഹമ്മദ് ബിൻ സൽമാൻ, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ തുടങ്ങി, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ ആണ് ഡൽഹിയിൽ എത്തിയിട്ടുള്ളത്.
ഉച്ചകോടിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി,സമ്മേളനത്തിനുണ്ടാവുന്ന ഡ്രോൺ ഭീഷണിയെ പ്രതിരോധിക്കാനും, നേരിടാനുമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ദേശീയ തലസ്ഥാനത്ത് പ്രത്യേക കൗണ്ടർ ഡ്രോൺ സംവിധാനം വിന്യസിച്ചിട്ടുണ്ട്.
ലോകശ്രദ്ധയാകർഷിച്ച് നടക്കുന്ന ആഗോള ഇവന്റിന് നേരെയുള്ള ഏത് ഡ്രോൺ ഭീഷണിയെയും നിരീക്ഷിക്കാനും പ്രതിരോധിക്കാനുമുള്ള സംവിധാനമാണ് ഡിആർഡിഓ സജ്ജമാക്കിയിരിക്കുന്നത്. ഇത് വിദേശ സന്ദർശകർക്ക് ഡ്രോണുകളിൽ നിന്ന് സംരക്ഷണം നൽകും. ഈ സംവിധാനങ്ങൾക്ക് ദീർഘദൂരങ്ങളിൽ നിന്ന് ഡ്രോൺ ഭീഷണി നേരിടാൻ കഴിയുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഡിആർഡിഒയ്ക്ക് പുറമേ, ഇന്ത്യൻ ആർമിയുടെയും ചില സിവിലിയൻ ഏജൻസികളുടെയും ഡ്രോൺ സംവിധാനങ്ങൾ വ്യോമ ഭീഷണിയെ നേരിടാൻ, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. സംശയാസ്പദമായ ആളില്ലാ വിമാനം (യുഎവി) അല്ലെങ്കിൽ ഡ്രോൺ സംബന്ധമായ മറ്റേതെങ്കിലും ഭീഷണിയോ നേരിട്ടാൽ അതിനെ നേരിടുന്നതിനുള്ള പരിശീലനം ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു.
ഇതുകൂടാതെ 1.3 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ രാജ്യതലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും സംയോജിത ബഹിരാകാശ പ്രതിരോധത്തിനായി സമഗ്രമായ നടപടികൾ വിന്യസിക്കുമെന്ന് ഇന്ത്യൻ വ്യോമസേനാ വക്താവ് അറിയിച്ചു. ഡൽഹി പോലീസിനൊപ്പം ഇന്ത്യൻ സൈന്യത്തെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.കൂടാതെ 400 അഗ്നിശമന സേനാംഗങ്ങളും രംഗത്തുണ്ട്.
സമ്മേളനത്തിലെ പ്രതിനിധികളുടെ യാത്രയ്ക്കായി 18 കോടി രൂപ ചെലവിൽ 20 ബുള്ളറ്റ് പ്രൂഫ് ലിമോസിനുകളാണ് ഒരുക്കിയിട്ടുള്ളത്. നിരവധി നേതാക്കൾ സ്വന്തം സുരക്ഷാ ടീമുകളും വാഹനങ്ങളുമായാണ് ഡൽഹിയിൽ എത്തിയത്. അതെ സമയം ഇങ്ങിനെ എത്തുന്ന പ്രതിനിധികളോട്,അവരവർ കൊണ്ടുവരുന്ന വാഹനങ്ങളും, സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും യുക്തി സഹമായിരിക്കണെമെന്ന് കേന്ദ്രസർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട് .ഉച്ചകോടിക്കായി 20 വിമാനങ്ങൾ യുഎസ് കൊണ്ടുവന്നിട്ടുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ബൈഡൻ ഇപ്പോൾ താമസിക്കുന്ന ഐടിസി മൗര്യ പോലുള്ള ഹോട്ടലുകൾക്ക് ചുറ്റും സർക്കാർ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മേളന വേദിയിൽ വേദിയിൽ പ്രത്യേകം സുരക്ഷാ കൺട്രോൾ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.
Discussion about this post