ഡൽഹി : കാശ്മീർ പണ്ഡിറ്റ് സഞ്ജയ് ശർമ്മയെ കൊലപ്പെടുത്തിയ ലഷ്കർ ഭീകരനെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ അൽഷിപോറ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ആണ് ശർമയെ കൊലപ്പെടുത്തിയതിൽ മുഖ്യ പങ്കുവഹിച്ച അബ്രാർ എന്ന ജാസിം ഫാറൂഖ് എന്ന ഭീകരനെ സേന കൊലപ്പെടുത്തിയത്. അൽഷിപോറ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.
അബ്രാറിനൊപ്പം, ലഷ്‌കർ ഇ തോയ്‌ബ ഭീകരനായ മോറിഫത്ത് മഖ്ബൂൽ, എന്ന ഭീകരനെയും സേന വെടിവെച്ചുകൊന്നു. കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമയെ കൊലപ്പെടുത്തിയതിൽ മുഖ്യപങ്കുവഹിച്ച ഭീകരനാണ് കൊല്ലപ്പെട്ട അബ്രാർ- ജാസിം ഫാറുഖ് എന്ന് കശ്മീർ എഡിജിപി വിജയ് കുമാർ വ്യക്തമാക്കി. ശർമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ദക്ഷിണ കശ്മീരിലെ മൂന്ന് ജില്ലകളിലെ ഏഴ് സ്ഥലങ്ങളിൽ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്‌ഐഎ) റെയ്ഡ് നടത്തിയിരുന്നു.
ഫെബ്രുവരിയിൽ പുൽവാമയിലെ അച്ചൻ ഏരിയയിലെ വീടിന് പുറത്ത് സഞ്ജയ് ശർമയെ ഭീകരവാദികൾ കൊലപ്പെടുത്തുകയായിരുന്നു. ജെ & കെ ബാങ്കിൽ എടിഎം ഗാർഡായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. സഞ്ജയ് ശർമ്മയുടെ ദാരുണമായ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവർക്കും കഠിനമായ ശിക്ഷ നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധബദ്ധമാണെന്ന് എസ്ഐ എ വക്താവ് വയ്കതമാക്കി

