ന്യൂജെഴ്സി: ലോകത്തെ ആധുനിക ഹിന്ദു ക്ഷേത്രങ്ങളിൽ, ഇന്ത്യക്കു പുറത്തുള്ളവയിൽ വച്ച് ഏറ്റവും വലുത്. യുഎസിലെ ന്യൂജെഴ്സിയിലുള്ള അക്ഷർധാം മഹാമന്ദിറിന് ഒറ്റ വാക്യത്തിൽ നൽകാവുന്ന വിശേഷണം അതാണ്.191 അടിയാണ് ഉയരം. 20 ലക്ഷം ക്യുബിക് അടി കല്ലാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ ഒരാഴ്ച ദീർഘിച്ച ഉദ്ഘാടന മഹാമഹം ഞായറാഴ്ച പൂർത്തിയായി. 12,500 വോളന്‍റിയർമാർ ചേർന്നാണ് 12 വർഷം കൊണ്ട് ക്ഷേത്ര നിർമാണം പൂർത്തിയാക്കിയത്. 183 ഏക്കറിൽ പരന്നു കിടക്കുന്നു. ഇറ്റലിയിൽ നിന്നും ബൾഗേറിയയിൽനിന്നുമുള്ള മാർബിളും ചുണ്ണാമ്പ് കല്ലും ഇന്ത്യയിലെത്തിച്ച ശേഷം യുഎസിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പുരാതന ഭാരതീയ ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കിയാണ് ക്ഷേത്രത്തിന്‍റെ രൂപകൽപ്പന. പതിനായിരത്തിലധികം ശിൽപ്പങ്ങളിൽ ഇന്ത്യൻ സംഗീതോപകരണങ്ങളും നൃത്തരൂപങ്ങളുമെല്ലാം ഉൾപ്പെടുന്നു.ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം എന്ന ബഹുമതി കംബോഡിയയെ അംഗ്കോർ വാട്ടിനുള്ളതാണ്. അതിനു ശേഷം ഏറ്റവും വലുത് അക്ഷർധാം മഹാമന്ദിറാണെന്ന് കരുതപ്പെടുന്നു. ഒരു പ്രധാന ശ്രീകോവിലും 12 ഉപദേവതാ ശ്രീകോവിലുകളും ഇതിലുണ്ട്.

