ഡൽഹി: ഇന്ത്യ-യുഎസ് ബന്ധം ആഗോള നന്മയ്‌ക്ക് കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുമായി നടത്തിയ അഞ്ചാമത് ടു പ്ലസ് ടു മന്ത്രിതല കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തമാകാൻ ടു പ്ലസ് ടു മന്ത്രിതല ചർച്ച സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുമെന്നും സാങ്കേതികവിദ്യ, ക്ലീൻ എനർജി, ശോഭനമായ ഭാവി എന്നിവയ്ക്കായി നൂതനാശയങ്ങൾ പങ്കിടുന്നത് തുടരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവയുമായുള്ള ക്വാഡ് (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) വഴിയുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യയും അമേരിക്കയും സ്വതന്ത്രവും തുറന്നതും സുരക്ഷിതവുമായ ഇന്തോ-പസഫിക്കിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായ മീൻപിടുത്തം,കടൽക്കൊള്ള, മയക്കുമരുന്ന് കടത്ത് എന്നിവയെ ചെറുക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഡോ-പസഫിക്കിലെ മാനുഷിക ദുരിതാശ്വാസ, ദുരന്ത പ്രതികരണ ശ്രമങ്ങളും തങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോ-പസഫിക് വിഷയത്തിലും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിലുമുള്ള പരസ്പര സഹകരണം തുടരുമെന്നും ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

