ആലപ്പുഴ: “കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ല. തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല” കൃഷിമന്ത്രി പി പ്രസാദ് ഉള്‍പ്പെടെയുള്ളവരെ വേദിയിലിരുത്തി ആലപ്പുഴ മാന്നാറിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയാണിത്. ഇക്കഴിഞ്ഞ നവംബർ 7 നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. മാന്നാറില്‍ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലായിരുന്നു മന്ത്രി കേരളത്തിലെ കർഷകരോടും, കൃഷിയോടുമുള്ള നിലപാട് പ്രഖ്യാപിച്ചത്
പ്രദേശത്തെ ഇലമ്പനം തോടുപണി വേഗം തുടങ്ങിയില്ലെങ്കിൽ ഇനി കൃഷിയില്ലെന്ന കർഷകരുടെ നിലപാട് പഞ്ചായത്ത് പ്രസിഡന്റ് സൂചിപ്പിച്ചപ്പോഴായിരുന്നു മന്ത്രി കർഷകരെ അവഹേളിച്ചു സംസാരിച്ചത്. കർഷകർക്കായി സംസ്ഥാന സർക്കാർ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. കർഷകർ അതിനോട് സഹകരിക്കുകയാണു വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. മന്ത്രി വാക്ക് പറഞ്ഞാൽ വാക്കാണെന്നും വ്യക്തമാക്കി. എന്നാൽ സജി ചെറിയാന് ശേഷം പ്രസംഗിച്ച കൃഷി മന്ത്രി ഇത് കേട്ടതായി ഭവിക്കാതെ നിന്നു.
യഥാസമയം നെല്ല് സംഭരിക്കാത്തതു കൊണ്ട്, പലയിടത്തും നെല്ല് കെട്ടിക്കിടന്ന് നശിക്കുയാണ്. അതെ സമയം സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതിനാൽ കർഷർ വൻ സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. പലരും കൊള്ളപ്പലിശയ്ക്ക് പണം കടമെടുത്താണ് നെൽകൃഷി നടത്തുന്നത്.
നെൽകർഷകരുടെ ദുരിതത്തെക്കുറിച്ച് പൊതുവേദിയിൽ അഭിപ്രായം പറഞ്ഞ സിനിമാ താരം ജയസൂര്യക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. സർക്കാരിന്റെ കാർഷിക നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമായാണ്, സംസ്ഥാന സർക്കാരാണ് തന്റെ മരണത്തിനുത്തരവാദിയെന്ന് പറഞ്ഞു ആലപ്പുഴ തകഴിയിൽ കർഷകൻ പ്രസാദ് ആത്മഹത്യ ചെയ്യുന്നത്.

