രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തർപ്രദേശിലെ അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചതിന് ശേഷം വയനാട്ടിലും രാഹുൽ ഗാന്ധി അത് ചെയ്യാൻ ഒരുങ്ങുകയാണെന്ന് റോഡ്ഷോയിൽ സമൃതി ഇറാനി പറഞ്ഞു. ബിജെപിയുടെ വയനാട് സ്ഥാനാർത്ഥിയും കേരള അധ്യക്ഷനുമായ കെ സുരേന്ദ്രന് പിന്തുണയുമായി നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
50 വർഷം ഗാന്ധി കുടുംബം ഭരിച്ചിരുന്ന അമേഠിയിൽ നിന്നാണ് താൻ വയനാട്ടിലെത്തിയതെന്ന് സ്മൃതി ഇറാനി പറഞ്ഞു.
“നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ അമേഠിയിൽ ആദ്യമായി 4 ലക്ഷം കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ ലഭിച്ചു. 50 വർഷം അവിടെ കോൺഗ്രസ് ഭരിച്ചു, നിരവധി പേർക്ക് വീട് ലഭിച്ചത് മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ്. ഇപ്പോൾ അവർ വയനാട്ടിലെ ജനങ്ങളെ തങ്ങളുടെ കുടുംബം എന്ന് വിളിക്കുന്നു, കുടുംബത്തിൻ്റെ പേരിൽ അവർ (കോൺഗ്രസ്) അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചു, ഇപ്പോൾ വയനാട്ടിലും അത് ചെയ്യാൻ അവർ ലക്ഷ്യമിടുന്നു,” റോഡ്ഷോയിൽ സ്മൃതി ഇറാനി പറഞ്ഞു.

