കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നിർദേശം. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഹൈകോടതിക്കെതിരെയുള്ള പരാമർശമാണ് കേസിനാധാരം.
ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടത് നേരത്തെ ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഹൈകോടതിയുടെ ഈ വിധി തിരക്കഥയുടെ ഭാഗമായിരുന്നുവെന്നായിരുന്നു സുധാകരന്റെ പ്രതികരണം. പ്രസ്താവനക്കെതിരെയാണ് കോടതിയലക്ഷ്യ കേസ്.
കേസിൽ ഹാജരാകുന്നതിൽ സ്ഥിരമായി ഇളവ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഹൈക്കോടതി തള്ളി. ഹൈകോടതി വിധിയെ തുടർന്ന് ഷുഹൈബ് വധക്കേസിൽ നീതി നിഷേധിക്കപ്പെട്ടുവെന്ന് കെ സുധാകരൻ പ്രതികരിച്ചിരുന്നു.
സിബിഐ അന്വേഷണം വരാതിരിക്കാൻ കേസിൽ സംസ്ഥാന സർക്കാർ ഗൂഢാലോചന നടത്തിയെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രതികരിച്ചിരുന്നു. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു അന്ന് എംപിയുടെ പ്രതികരണം.

