കെ.എസ്.ഇ.ബി ഓഫീസിൽ അതിക്രമിച്ച് കയറി യുവാവിൻ്റെ ഗുണ്ടായിസം. ഉദ്യോഗസ്ഥരെ മർദിക്കുകയും കമ്പ്യൂട്ടർ ഉൾപ്പെടെ ഉപകരണങ്ങൾ അടിച്ചുതകർക്കകയും ചെയ്തു. കെ.എസ്.ഇ.ബി. അസി. എൻജിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം തിരുവല്ലം മേനിലം പനറയക്കുന്ന് സ്വദേശി ആട് സജി എന്ന അജികുമാറിനെ(38) സ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
പാച്ചല്ലൂരിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ തിരുവല്ലം ഓഫീസിൽ ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. കാറിൽ എത്തിയ അജികുമാർ ജീവനക്കാരെ അസഭ്യം പറഞ്ഞതിനുശേഷം കെട്ടിടത്തിനും ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടാക്കിയെന്ന് സംഭവമറിഞ്ഞെത്തിയ അസി. എൻജിനീയർ ഇന്ദുചൂഡൻ പറഞ്ഞു.
മുൻവശത്തുളള രണ്ട് ജനൽചില്ലുകൾ അജികുമാർ കൈകൊണ്ട് ഇടിച്ചുപൊട്ടിച്ചു. ഇടിയുടെ ആഘാതത്തിൽ കൈയ്ക്ക് പരിക്കേറ്റു. അക്രമാസക്തനായി എത്തിയ അജികുമാറിനെ തടയാൻ ശ്രമിച്ച, സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈൻമാന്മാരായ സജി, സുദർശൻ എന്നിവരെയും മുഖത്തടിച്ചും നെഞ്ചിലിടിച്ചും പരിക്കേൽപ്പിച്ചു. ഇവരെ മർദിക്കുന്നത് തടഞ്ഞതിന് ഇലക്ട്രിക്കൽ വർക്കറായ ബ്രൈറ്റിന്റെ മുഖത്തും ഇയാൾ അടിച്ച് പരിക്കേൽപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

