കണ്ണൂർ: പയ്യാമ്പലത്ത് നടക്കുന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പുഷ്പ്പാർചനയിൽ ഇ പി ജയരാജൻ പങ്കെടുത്തേക്കില്ല. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇതിന് ആയുർവേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജൻ പാർട്ടിയെ അറിയിച്ചു.
നേരത്തേ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പൊളിറ്റ് ബ്യൂറോ മെമ്പർ എ വിജയരാഘവനൊപ്പം ചടയൻ അനുസ്മരണ പരിപാടിയിൽ ഇ പി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ ഇന്ന് രാവിലെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി കടുത്ത അതൃപ്തിയിലാണ്. അതിന് ശേഷം പാർട്ടി പരിപാടികളിൽ പങ്കെടുക്കാനോ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാനോ ഇ പി തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരെ ഒഴിവാക്കിയ ഇ പി, എന്തെങ്കിലും പറയാനുണ്ടെങ്കിൽ അറിയിക്കാമെന്നും പറഞ്ഞിരുന്നു.
ഇ പി ജയരാജന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം പാർട്ടി നേതൃത്വത്തെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഈ ആരോപണം ഉയർന്നത്. രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ലെന്നായിരുന്നു ഇ പി ഇതിനോട് പ്രതികരിച്ചത്. ഇ പിയെ കണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി. ഇതിനിടെ രാജീവിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റിന്റെ ജീവനക്കാരും ഇ പിയുടെ കുടുംബവും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നു.
ഇതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലായി. ഇതിനിടയിലായിരുന്നു ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത വന്നത്. ഇ പി ഇത് സമ്മതിക്കുക കൂടി ചെയ്തതോടെ പാർട്ടി കടുത്ത നടപടിയിലേക്ക് എത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് ഇ പിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല.

