തൃശ്ശൂർ: ആർഎസ്എസ് നേതാവ് റാം മാധവുമായി എഡിജിപി അജിത് കുമാർ കൂടികാഴ്ച നടത്തിയ സംഭവത്തിൽ ആർഎസ്എസ് ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് വി മുരളീധരൻ വ്യക്തമാക്കി
പൂരം കലക്കിയാണ് സുരേഷ് ഗോപി തൃശ്ശൂരിൽ നിന്ന് വിജയിച്ചത് എന്ന് ആരോപിക്കുന്ന പ്രതിപക്ഷം മണ്ഡലത്തിലെ വോട്ടർമാരെ അവഹേളിക്കുകയാണെന്ന് വി മുരളീധരൻ. ഇങ്ങനെ ആരോപിക്കുന്നതിലൂടെ വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂർ ജനതയെ അവഹേളിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായ കെ മുരളീധരൻ വടകരയിൽ നിന്ന് പേടിച്ചോടുകയായിരുന്നു. സുനിൽ കുമാർ സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് ചെയ്തില്ല. 620 ഇടങ്ങിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തായെന്നും വി മുരളീധരൻ പറഞ്ഞു.
സിറ്റിംഗ് എംപിയായ ടി എൻ പ്രതാപന് കോൺഗ്രസ് സീറ്റ് കൊടുത്തില്ല. തോൽവി ഉറപ്പിച്ചതിനാലാണ് ഇത്. ഫല പ്രഖ്യാപനത്തിന് ശേഷവും പ്രതാപന് എതിരെ ശക്തമായ വികാരം ഉണ്ടായെന്നും വി മുരളീധരൻ പറഞ്ഞു.
2006 ലെ പറവൂരിലെ പരിപാടിയിൽ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ചയാളാണ് വി ഡി സതീശൻ. 2013 ൽ ഭാരതീയ വിചാര കേന്ദ്രത്തിന്റെ തൃശൂരിലെ പരിപാടിയിലും വി ഡി സതീശൻ പങ്കെടുത്തുവെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ വി സതീശന് ആർഎസ്എസ് നേതാക്കളെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള ആർഎസ്എസ് നേതാക്കൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാറില്ലെന്നും ആർഎസ്എസ് പ്രവർത്തകരുടെ വീട്ടിലാണ് താമസിക്കാറെന്നും മുരളീധരൻ പറഞ്ഞു.
എഡിജിപി എം ആർ അജിത് കുമാറുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് ആർഎസ് നേതാക്കൾ ഉചിതമായ സമയത്ത് മറുപടി പറയും. ബിജെപി നേതാക്കൾ മറുപടി പറയേണ്ടതില്ല. എം ആർ അജിത് കുമാർ എന്തിനാണ് പോയതെന്നതിൽ മുഖ്യമന്ത്രിയാണ് ആദ്യം ഉത്തരം പറയേണ്ടത്. അദ്ദേഹം അയച്ച ദൂതനാണോ അജിത് കുമാർ എന്നും വി മുരളീധരൻ ചോദിച്ചു.

