ഷിംല: കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് നിയമസഭ. നിയമസഭാ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
മരുന്ന് നിർമാണത്തിനും വ്യവസായിക ആവശ്യങ്ങൾക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാമെന്നും കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത് സംസ്ഥാനത്തിന് നല്ലൊരു സാമ്പത്തിക സ്രോതസ്സായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമസഭാ കമ്മിറ്റി അധ്യക്ഷനും റവന്യൂ മന്ത്രിയുമായ ജഗത് സിംഗ് നെഗി റിപ്പോർട്ടിനെക്കുറിച്ചും കഞ്ചാവ് കൃഷിയുടെ സാധ്യതകളെക്കുറിച്ചും വിശദമാക്കുകയും ചെയ്തു. ജഗത് സിംഗ് നെഗിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് കഞ്ചാവ് കൃഷിയുടെ സാധ്യതകളെപ്പറ്റി പഠനം നടത്തിയത്.
ചട്ടം 130 പ്രകാരമാണ് ഈ ആശയം ആദ്യം നിയമസഭയിൽ ഉന്നയിച്ചതെന്നും അതിന് ഭരണ-പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
’’ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കമ്മിറ്റി അംഗങ്ങൾ സന്ദർശനം നടത്തി. പ്രാദേശിക ജനങ്ങളുമായി സംസാരിച്ച് കഞ്ചാവ് കൃഷി എങ്ങനെ മരുന്ന് നിർമ്മാണത്തിനും വ്യവസായിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാമെന്ന് പരിശോധിച്ചു. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയവിടങ്ങളിൽ പരീക്ഷിച്ച് വിജയിച്ച മാതൃകകളും കമ്മിറ്റി പരിശോധിച്ചു. കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിന് ജനങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്,’’ അദ്ദേഹം പറഞ്ഞു.
കഞ്ചാവ് കൃഷിയ്ക്ക് വളരെ കുറച്ച് വെള്ളം മാത്രം മതിയെന്നും വന്യ മൃഗങ്ങളുടെ ശല്യം കുറവാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റ് രോഗങ്ങൾ കഞ്ചാവ് ചെടിയെ ബാധിക്കുന്നതും വളരെ കുറവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഞ്ചാവ് കൃഷി ചെയ്യാൻ വലിയ തോതിൽ ഭൂമി ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വ്യവസായിക അടിസ്ഥാനത്തിൽ കഞ്ചാവ് കൃഷി ചെയ്യാൻ ചിലർ താൽപ്പര്യം പ്രകടിപ്പിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർശനമായ നിബന്ധനകളുടെ അടിസ്ഥാനത്തിൽ കൃഷിയ്ക്ക് അനുമതി നൽകാവുന്നതാണെന്നും കഞ്ചാവിന്റെ ദുരുപയോഗ സാധ്യതകൾ പൂർണമായി ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

