മുംബൈ: ഇന്ത്യയിലെ സമ്പന്നരുടെ ഈ വർഷത്തെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് ഇന്ത്യ. 108 ബില്ല്യൺ ഡോളറിന്റെ(ഏകദേശം 893,760 കോടി രൂപ) ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യയിലെ സമ്പന്നരായ 100 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
റിലയൻസ് നിക്ഷേപകർക്ക് ദീപാവലി സമ്മാനമായി ബോണസ് ഓഹരികൾ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഡോളറിന്റെ മുന്നേറ്റത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ ഒരു വർഷത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്ത് 27.5 ബില്ല്യൺ ഡോളർ വർധിച്ച് 119.5 ഡോളറായതായി ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 108.3 ബില്ല്യൺ ഡോളറാണ്. ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ 13-ാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്.
2024ലെ ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയിൽ ആദ്യ നൂറ് പേരുടെ സമ്പത്ത് ഒരു ട്രില്ല്യൺ ഡോളറിന്റെ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു. 100 പേരുടെ മൊത്തം സമ്പത്ത് 2024ൽ 40 ശതമാനം വർധിച്ച് 1.1 ട്രില്ല്യൺ ഡോളറായി. 2023ൽ ഇത് 799 ബില്ല്യൺ ഡോളറായിരുന്നു.
ഐപിഒയിലേക്കും മ്യൂച്ചൽ ഫണ്ടുകളിലേക്കും നിക്ഷേപകരുടെ എണ്ണം കുതിച്ചുയർന്നതോടെ ഓഹരി വിപണിയുടെ പ്രകടനം ശക്തമായതാണ് സമ്പന്നർ കൂടുതൽ സമ്പന്നരാകാൻ കാരണമെന്ന് ഫോബ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. ‘‘അതിന്റെ ഫലമായി പട്ടികയിലുള്ളവരിൽ 80 ശതമാനത്തിലധികം പേരും സമ്പന്നരായി. പട്ടികയിലുള്ള 58 പേർ ഒരു ബില്ല്യൺ ഡോളറോ അതിൽ കൂടുതലോ തങ്ങളുടെ ആസ്തിയിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്,’’ റിപ്പോർട്ട് വ്യക്തമാക്കി.

