മുംബൈ: രത്തൻ ടാറ്റയുടെ മരണത്തോടെ അദ്ദേഹത്തിന്റെ പിൻഗാമിയാരെന്ന ചോദ്യമുയരുകയാണ്. 3800 കോടി ആസ്തിയുള്ള ടാറ്റാ ഗ്രൂപ്പിനെ ഇനി ആര് നയിക്കുമെന്നാണ് പലരും ചോദിക്കുന്നത്.
നിലവിലെ നേതൃത്വം
എൻ. ചന്ദ്രശേഖരൻ: ടാറ്റാ സൺസിന്റെ നിലവിലെ ചെയർമാൻ ആണ് എൻ. ചന്ദ്രശേഖരൻ. 2017ലാണ് അദ്ദേഹം ചെയർമാൻ സ്ഥാനത്തെത്തിയത്. നേരത്തെ അദ്ദേഹം ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ(TCS) സിഇഒ ആയി സേവനമനുഷ്ടിച്ചിരുന്നു. നിലവിൽ ടാറ്റയിലെ പ്രമുഖ വ്യക്തികളിലൊരാളാണ് ഇദ്ദേഹം.
അനന്തരവകാശികൾ
നോയൽ ടാറ്റ: രത്തൻ ടാറ്റയ്ക്ക് ശേഷം കമ്പനിയുടെ നേതൃസ്ഥാനത്തേക്ക് വരാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന വ്യക്തിയാണ് നോയൽ ടാറ്റ. രത്തൻ ടാറ്റയുടെ അർദ്ധ സഹോദരനാണ് ഇദ്ദേഹം. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ടാറ്റ ഗ്രൂപ്പിൽ സജീവമായി പ്രവർത്തിച്ചുവരികയാണ് ഇദ്ദേഹം. നോയൽ ടാറ്റയ്ക്ക് മൂന്ന് മക്കളാണുള്ളത്. മായ ടാറ്റ, നെവിൽ ടാറ്റ, ലിയ ടാറ്റ എന്നിവരാണ് നോയൽ ടാറ്റയുടെ മക്കൾ. ഭാവിയിൽ ടാറ്റ ഗ്രൂപ്പിന്റെ മർമ്മപ്രധാന സ്ഥാനങ്ങളിലേക്ക് മുഴങ്ങിക്കേൾക്കുന്ന പേരുകളിൽ ഇവരും പെടുന്നുണ്ട്.
ലിയ ടാറ്റ: നോയൽ ടാറ്റയുടെ മൂത്ത മകളാണ് ലിയ ടാറ്റ. മാഡ്രിഡിലെ ഐഇ ബിസിനസ് സ്‌കൂളിൽ നിന്നും മാർക്കറ്റിംഗിൽ ബിരുദാനന്തരബിരുദം നേടിയ ആളാണ് ലിയ. 2006ലാണ് ലിയ ടാറ്റ ഗ്രൂപ്പിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. നിലവിൽ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ (IHCL) വൈസ് പ്രസിഡന്റാണ് ലിയ ടാറ്റ.
മായ ടാറ്റ: ടാറ്റ ക്യാപിറ്റലിൽ അനലിസ്റ്റായി ജോലി ചെയ്തുകൊണ്ടാണ് മായ തന്റെ കരിയർ ആരംഭിച്ചത്.
നെവിൽ ടാറ്റ: ടാറ്റയുടെ റീടെയ്ൽ ബിസിനസ് സംരംഭമായ ട്രെന്റിലൂടെയാണ് (Trent) നെവിൽ തന്റെ കരിയറിന് തുടക്കമിട്ടത്.

