രാജ്യത്ത് വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തുവെന്നു ചൂണ്ടിക്കാട്ടി ഏഴ് ഐഎസ് ഭീകരര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. തങ്ങളെ നിയന്ത്രിക്കുന്നവരുടെ നിര്‍ദേശപ്രകാരം ഇവര്‍ ആക്രമണങ്ങള്‍ക്കായി ഫണ്ട് സ്വരൂപിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ആക്രമണം നടത്താനുള്ള ലക്ഷ്യസ്ഥലങ്ങള്‍ കണ്ടെത്താൻ ഇവര്‍ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, തെലങ്കാന തുടങ്ങിയ സ്ഥലങ്ങള്‍ പലതവണ സന്ദര്‍ശിച്ചിരുന്നതായും എന്‍ഐഎ വെളിപ്പെടുത്തി.
രാജ്യത്താകെ അശാന്തിയും കലാപവും സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികള്‍ എല്ലാവരും വിദ്യാസമ്പന്നരും സാങ്കേതിക പരിജ്ഞാനമുള്ളവരുമാണ്. മഹാരാഷ്ട്രയിലെ പുണെയില്‍ ഇവര്‍ പലതവണ കൂടിക്കാഴ്ച നടത്തി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു.
വിവിധ കോഡ് വാക്കുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. സള്‍ഫ്യൂരിക്ക് ആസിഡിന് വിനിഗര്‍ എന്നും അസറ്റോണിന് റോസ് വാട്ടര്‍ എന്നും ഹൈഡ്രജന്‍ പെറോക്‌സൈഡിന് ഷര്‍ബത്ത് എന്നും ഉപയോഗിച്ചാണ് ഇവര്‍ ഐഇഡി നിര്‍മാണത്തിനുള്ള രാസവസ്തുക്കള്‍ വാങ്ങിയിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. വിദേശത്തുള്ള വ്യക്തികളുമായി പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് ഭീകരര്‍ ആശയവിനിമയം നടത്തിയിരിന്നുവെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.

