ന്യൂഡെൽഹി: യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവയെ ബന്ധിപ്പിക്കുന്ന ആധുനിക സ്പൈസ് റൂട്ട് സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ ജി 20 അംഗ രാജ്യങ്ങൾ ശനിയാഴ്ച അനാവരണം ചെയ്തു. ലോകം മുഴുവൻ സാമ്പത്തികമായ ആധിപത്യം സൃഷ്ടിക്കാൻ വേണ്ടി ചൈന കൊണ്ട് വരാൻ ഉദ്ദേശിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവ് എന്ന പദ്ധതി ഇതോടുകൂടി അപ്രസക്തമായി.
ന്യൂഡെൽഹിയിൽ നടക്കുന്ന ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിയുടെ ഭാഗമായി അമേരിക്ക, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങൾ ഒത്ത് ചേർന്നാണ് റെയിൽവേ, തുറമുഖങ്ങൾ, വൈദ്യുതി, ഡാറ്റ നെറ്റ്‌വർക്കുകൾ, ഹൈഡ്രജൻ പൈപ്പ് ലൈനുകൾ എന്നിവ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ആശയം മുന്നോട്ട് വച്ചത്
1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യയുടെ വിശാലമായ വിപണിയെ പടിഞ്ഞാറൻ രാജ്യങ്ങളുമായി സമന്വയിപ്പിക്കാനും മിഡിൽ ഈസ്റ്റേൺ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഇസ്രായേലും ഗൾഫ് അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചൈനയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് എതിരെയുള്ള സുപ്രധാനമായ നീക്കമായിരിക്കും ഈ പദ്ധതിയെന്ന് ദി വിൽസൺ സെന്ററിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മൈക്കൽ കുഗൽമാൻ പറഞ്ഞു.

